വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 31 July 2017

റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ മുട്ടുകുത്തിച്ചു





മയാമി: അമേരിക്കയില്‍ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 66,014 കാണികളെ സാക്ഷിനിര്‍ത്തി ബാഴ്‌സലോണ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത സീസണ്‍ തകര്‍ത്തു പൊളിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന്. ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പിലെ എല്‍ക്ലാസികോയില്‍ റയലിനെ തുരത്തുമ്പോള്‍, കഴിഞ്ഞ വര്‍ഷം അവസാന നിമിഷം കൈവിട്ട ലാ ലിഗ കിരീടം ഈ സീസണില്‍ എന്തുവില കൊടുത്തും തിരിച്ചുപിടിക്കാന്‍ സജ്ജരാണ് ബാഴ്‌സയെന്ന് തെളിയിക്കുകയായിരുന്നു. സ്പാനിഷ് കാല്‍പന്തിന്റെ നെറുകയിലേറിയ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ മുട്ടുകുത്തിച്ചത്. അതേസമയം, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് കിരീടത്തോടെ കഴിഞ്ഞ സീസണില്‍ തിളങ്ങിയ റയല്‍ മാഡ്രിഡിന് ഇത്തവണ വിയര്‍ക്കേണ്ടി വരുമെന്ന സൂചന കൂടിയാണ് ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് നല്‍കുന്നത്.
അതിഗംഭീരം ആദ്യപകുതി
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ അസെന്‍സ്യോ- ബെന്‍സെമ- ഗാരെത് ബെയ്ല്‍ ത്രയം മുന്നേറ്റത്തിന്റെ ചുമതല ഏറ്റെടുത്ത റയല്‍ മാഡ്രിഡ് നിര 4-3-3 എന്ന പതിവ് ഫോര്‍മാറ്റ് മാറിയില്ല. അപ്പുറത്ത് മെസ്സി- സുവാരസ്- നെയ്മര്‍ എന്ന സൂപ്പര്‍ ഫോര്‍വേഡിന്റെ മികവില്‍ സമാന ഫോര്‍മാറ്റില്‍ തന്നെ വാല്‍വെര്‍ദെ ബാഴ്‌സയെയും വിന്യസിച്ചു. മികച്ച തയ്യാറെടുപ്പുകളോടെ ബൂട്ടുകെട്ടിയ ബാഴ്‌സ അതിന്റെ മികവ് തുടക്കം തന്നെ കാണിച്ചു. മൂന്നാം മിനിറ്റില്‍ ബുസ്‌കെറ്റ്‌സിന്റെ ഷോട്ട് വല കടത്തി ലയണല്‍ മെസ്സി ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചപ്പോള്‍ ഏഴാം മിനിറ്റില്‍ നെയ്മറെ കൂട്ടുപിടിച്ച് റാക്റ്റിക് ഗോള്‍ പട്ടിക ഉയര്‍ത്തി. പത്തുമിനിറ്റിനകം ബാഴ്‌സ ഇരട്ട ലീഡ് നേടിയെങ്കിലും പതറാതെ കളിച്ച റയലിന് വേണ്ടി 14ാം മിനിറ്റില്‍ കാസെമിറോയുടെ അസിസ്റ്റില്‍ കോവാചിക് തിരിച്ചടിച്ചു. അതോടെ വാശിയേറിയ മല്‍സരത്തില്‍ പന്ത് അധികസമയവും ബാഴ്‌സയുടെ പക്ഷത്തായിരുന്നു. വീണ്ടും ഗോളടിക്കാന്‍ പരക്കം പാഞ്ഞ ബാഴ്‌സ ആദ്യപകുതിയില്‍ ഒമ്പതു തവണ വല ലക്ഷ്യമാക്കിയെങ്കിലും അതെല്ലാം റയല്‍ പ്രതിരോധം നിഷ്ഫലമാക്കി. എന്നാല്‍, സമനില കണ്ടെത്താനുള്ള വൈറ്റ്‌സിന്റെ പരിശ്രമം 36ാം മിനിറ്റില്‍ അസെന്‍സ്യോയിലൂടെ ഫലം കണ്ടു. കോവാചികിന്റെ ഷോട്ടിലാണ് അസെന്‍സ്യോ സമനില നേടിയത്. ഇതു കൂടാതെ മൂന്ന് തവണ മാത്രമാണ് റയലിന് വലയിലേക്ക പന്ത് തൊടുക്കാനായത്. അതോടെ ആദ്യപകുതി 2-2 സമനിലയില്‍ കലാശിച്ചു.
ഒറ്റഗോളില്‍ കളിമാറി
രണ്ടാംപകുതിയില്‍ നാലു പകരക്കാരുമായി റയല്‍ കളത്തിലെത്തിയപ്പോള്‍ ഒറ്റയാളെ മാത്രമാണ് വാല്‍വെര്‍ദെ പിന്‍വലിച്ചത്. അദ്ദേഹത്തിന്റെ കരുതലിന്റെ ഫലം കണ്ടു, 50ാം മിനിറ്റില്‍. നെയ്മര്‍- പിക്വെ കൂട്ടുകെട്ടിലായിരുന്നു നിര്‍ണായക ഗോള്‍. അതോടെ ഒറ്റഗോളില്‍ കളിയുടെ ഗതി മാറി. പിന്നീട് കുറച്ചുസമയം കൂടി തുടക്കക്കാരെ തന്നെ നിലനിര്‍ത്തിയ വാല്‍വെര്‍ദെ 60- 73 മിനിറ്റുകള്‍ക്കിടയില്‍ പകരക്കാര്‍ക്ക് അവസരം നല്‍കി. അതേസമയം, ഏതുവിധേനയും ജയം നേടാന്‍ നെട്ടോട്ടമോടിയിട്ടും റയലിന് ഗോള്‍ മാത്രം കണ്ടെത്താനായില്ല. 11 തവണ ഗോള്‍ നീക്കം നടത്തിയപ്പോള്‍ ആറു തവണയും ബാഴ്‌സ ഗോളി ജാസ്‌പെര്‍ കില്ലെസ്സെന്‍ വില്ലനായി. സമ്മര്‍ദത്തിന് അടിപ്പെട്ട് റയല്‍ പായിച്ച പന്തുകള്‍ തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ അധികസമയവും പന്ത് കാലില്‍ നിര്‍ത്തി ബാഴ്‌സ തന്ത്രം പയറ്റി.  അതോടെ, 3-2ന് ഈ സീസണിലെ ആദ്യ എല്‍ക്ലാസികോ ബാഴ്‌സ സ്വന്തമാക്കി. പ്രീ സീസണ്‍ ടൂറില്‍ ഇത് തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് റയലിന്റേത്. നേരത്തെ ഇരു മാഞ്ചസ്റ്റര്‍ ടീമുകളോടും റയല്‍ പരാജയപ്പെട്ടിരുന്നു. എല്‍ക്ലാസികോയെങ്കിലും ജയിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് തെറ്റി. വീണ്ടും റയലിന് തോല്‍വി തന്നെ. ഇതോടെ, അടുത്ത സീസണില്‍ റയലിന് തളര്‍ച്ച നേരിടുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. അതിനാല്‍ തന്നെ, അടുത്ത മാസം 13, 16 തിയ്യതികളില്‍ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ നടക്കുന്ന എല്‍ക്ലാസികോ റയലിനും സിദാനും വളരെ നിര്‍ണായകമായി.