ഡല്‍ഹി : ലൈംഗിക പീഡനത്തിനിരയായ പത്തുവയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട പൊതുതാല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി. ഗര്‍ഭസ്ഥ ശിശുവിന് 32 ആഴ്ച പ്രായമായ സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷമാകുമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നടപടി. ഗര്‍ഭച്ഛിദ്രത്തിന് അനുവദനീയമായ കാലയളവ് പെണ്‍കുട്ടി പിന്നിട്ടതായും ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. സ്വന്തം അമ്മാവനില്‍ നിന്നുള്ള പീഡനത്തെത്തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. സമാനസംഭവങ്ങളില്‍ എന്തു നടപടിയെടുക്കണമെന്നത് സംബന്ധിച്ച് വ്യക്തത വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടത്. ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ച പ്രായമുള്ളപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടിക്കൊണ്ടുള്ള പെണ്‍കുട്ടിയുടെ അപേക്ഷ ചണ്ഡിഗഡിലെ ജില്ലാ കോടതി തള്ളിയിരുന്നു.