വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 31 July 2017

കൊറിയന്‍ ഉപദ്വീപിനു സമീപം യുഎസ് പോര്‍വിമാനങ്ങള്‍




സോള്‍/വാഷിങ്ടണ്‍: കൊറിയന്‍ ഉപദ്വീപിനു സമീപം യുഎസ് ബോംബര്‍ വിമാനങ്ങളയച്ചു. ഉത്തരകൊറിയയുടെ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷണത്തിനു തൊട്ടുപിറകെയാണ് യുഎസിന്റെ നീക്കം. യുഎസ് വ്യോമസേനയുടെ രണ്ട് ബി-1ബി യുദ്ധവിമാനങ്ങളാണ് കഴിഞ്ഞദിവസം കൊറിയന്‍ ഉപദ്വീപിനു മുകളില്‍ പറന്നത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുള്ള മറുപടിയായാണ് സൈനികശക്തിപ്രകടനം നടത്തിയതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു.ഗുവാമിലെ യുഎസ് വ്യോമകേന്ദ്രത്തില്‍ നിന്നു പറന്നുയര്‍ന്നവയാണു വിമാനങ്ങള്‍. യുഎസിനൊപ്പം ജപ്പാന്‍, ദക്ഷിണകൊറിയന്‍ പോര്‍വിമാനങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. ഉത്തരകൊറിയ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണെന്ന് യുഎസ് വ്യോമസേനയുടെ പസഫിക് മേഖലാ കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ജെ ഒ ഷോഘ്‌നെസ്സി പ്രതികരിച്ചു. ഉത്തരകൊറിയക്കെതിരേ സൈനികനീക്കം പ്രഖ്യാപിച്ചാല്‍ ദ്രുതഗതിയില്‍ മുന്നേറാന്‍ സേനയ്ക്ക് സാധിക്കുമെന്നും മാരകമായതും വലിയ പ്രഹരശേഷിയുള്ളതുമായ ആയുധങ്ങള്‍ പ്രയോഗിക്കുമെന്നും ഷോഘ്‌നെസ്സി വ്യക്തമാക്കി. അതേസമയം, യുഎസിന്റെ താഡ് (തെര്‍മല്‍ ഹൈ ആള്‍ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പസഫിക് സമുദ്രമേഖലയില്‍ നിന്നു പോര്‍ വിമാനമുപയോഗിച്ച് വിക്ഷേപിച്ച മിസൈല്‍ അലാസ്‌കയില്‍ വിന്യസിച്ച പ്രതിരോധസംവിധാനത്തിനു തടയാന്‍ സാധിച്ചു. വര്‍ധിച്ചുവരുന്ന ഭീഷണിയെ പ്രതിരോധിക്കുന്നതിന് പരീക്ഷണം ഗുണകരമാവുമെന്ന് യുഎസ് മിസൈല്‍ പ്രതിരോധ ഏജന്‍സി (എംഡിഎ) ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ സാം ഗ്രീവ്‌സ് പ്രതികരിച്ചു. യുഎസിന്റെ പ്രധാന കരഭാഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ രാജ്യത്തെ മിസൈല്‍ സംവിധാനം സജ്ജമായതായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ് 14ന്റെ പരീക്ഷണ വിഷേപണത്തിനു ശേഷമായിരുന്നു ഉന്നിന്റെ പ്രതികരണം. വെള്ളിയാഴ്ച ജപ്പാന്‍ കടലിലായിരുന്നു പരീക്ഷണം. 998 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മിസൈലിനു സാധിച്ചു. യുഎസിന്റെ മുഴുവന്‍ ഭൂപ്രദേശങ്ങളും മിസൈലിന്റെ പരിധിയിലുള്‍പ്പെടുന്നതായും ഉന്‍ അവകാശപ്പെട്ടു. ഉത്തരകൊറിയയുടെ രണ്ടാമത്തെ ഐസിബിഎം പരീക്ഷണമാണ് വെള്ളിയാഴ്ചത്തേത്. ജൂലൈ നാലിന് വിക്ഷേപിച്ച ആദ്യ ഭൂഖണ്ഡാന്തര മിസൈലിന് യുഎസിലെ അലാസ്‌കയെ ലക്ഷ്യംവയ്ക്കാന്‍ സാധിക്കുമെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടത്.