വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 30 July 2017

ചിത്രയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ അത്‌ലറ്റിക് ഫെഡറേഷന് കത്തയക്കും






ന്യൂഡല്‍ഹി: ലോക ചാംപ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ അത്‌ലറ്റിക് ഫെഡറേഷന് കത്തയക്കും. ചിത്രയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ സാധിക്കില്ലെന്ന മുന്‍ നിലപാട് മാറ്റിയാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കത്തയക്കാമെന്നു വ്യക്തമാക്കിയത്. ലോക ചാംപ്യന്‍ഷിപ്പിനുള്ള എന്‍ട്രി സമര്‍പ്പിക്കേണ്ട അവസാന തിയ്യതി കഴിഞ്ഞുപോയെന്നും ഇനി ആരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്‍ നിലപാട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധിയെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചിരുന്നു.
എന്നാല്‍, ചിത്രയെ പങ്കെടുപ്പിക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായ സാഹചര്യത്തിലാണ് അത്‌ലറ്റിക് ഫെഡറേഷന്‍ നിലപാടു മാറ്റിയത്. കോടതിവിധി മാനിക്കണമെന്നും വൈല്‍ഡ് കാര്‍ഡ് നല്‍കി ചിത്രയെ മല്‍സരത്തില്‍ പങ്കെടുപ്പിക്കണമെന്നും കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അത്‌ലറ്റിക് ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. വിധിക്കെതിരേ അപ്പീല്‍ പോവരുതെന്നും ചിത്രയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കണമെന്നും കേന്ദ്രമന്ത്രി അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് അദില്‍ സുമരിവാലയോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സമ്മര്‍ദമുണ്ടായി. ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ ലോക കായിക ഫെഡറേഷന് കത്തയക്കുമെന്ന് സുമരിവാല അറിയിച്ചു.
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി യു ചിത്രയെക്കൂടി ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. 1500 മീറ്റര്‍ മല്‍സരത്തില്‍ ചിത്രയുടെ പങ്കാളിത്തം കൂടി ഉറപ്പാക്കണമെന്നു ചിത്ര നല്‍കിയ ഹരജി പരിഗണിച്ചശേഷം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ചാംപ്യന്‍ഷിപ്പിന് അന്തിമ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 24ന് അവസാനിച്ചിരുന്നു. ചിത്രയ്ക്കു ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഏക മാര്‍ഗം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി മാത്രമാണ്.  എന്നാല്‍, ഈ സാധ്യതയും മങ്ങിയെന്നാണു സൂചന. ഫെഡറേഷന്‍ ഭാരവാഹികള്‍ രാജ്യാന്തര ഫെഡറേഷനില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ ചിത്രയെ ഉള്‍പ്പെടുത്താനാവു. ലോക ചാംപ്യന്‍ഷിപ്പിന് എന്‍ട്രി ലഭിക്കാത്ത താരങ്ങളെ രാജ്യാന്തര ഫെഡറേഷന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കി മല്‍സരിപ്പിക്കുന്ന പതിവുണ്ട്. ഓരോ ഇനത്തിലും മല്‍സരാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാവുമ്പോഴാണിത്. ചിത്ര പങ്കെടുക്കുന്ന 1500 മീറ്ററില്‍ ഇതുവരെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിച്ചിട്ടില്ല. 1500 മീറ്ററില്‍ മല്‍സരിക്കാന്‍ ആവശ്യത്തിന് അത്‌ലറ്റുകള്‍ ഉണ്ട്.