വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 28 May 2021

KERALA 'സംഘപരിവാര്‍ നമ്മളെ തേടിയെത്തും മുമ്പേ അവരെ നമുക്ക് പരാജയപ്പെടുത്തണം'; പൃഥ്വിരാജിന് ചെന്നിത്തലയുടെ ഐക്യദാർഢ്യം

 




തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല. പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തല പിന്തുണയുമായി രംഗത്തെത്തിയത്. രാജ്യത്ത് എവിടെ മനഃസമാധാനമുണ്ടോ അത് തകര്‍ക്കാന്‍ തങ്ങളുണ്ട് എന്നാണ് സംഘ്പരിവാറിന്റെ മുദ്രാവാക്യമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍   പറഞ്ഞു

സെലിബ്രിറ്റി സ്റ്റാറ്റസില്‍ അഭിരമിക്കാതെ താന്‍ സ്‌നേഹിക്കുന്ന ജനതയുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ ശരിയാണ് പൃഥ്വിരാജ് ചെയ്തത്. ഈ സാഹചര്യത്തില്‍ പൃഥ്വിരാജിനൊപ്പം നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

പൃഥ്വിരാജിനെ പോലെ സംഘപരിവാറിനെതിരെ ഭയമില്ലാതെ പറയുന്നവരെ നമുക്ക് ചേര്‍ത്ത് നിര്‍ത്താമെന്നും ഏതൊരു മനുഷ്യസ്‌നേഹിയും കേള്‍ക്കാന്‍  ആഗ്രഹിക്കുന്ന വാക്കുകളാണ് പൃഥ്വിരാജ് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും പൃഥ്വിരാജിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലക്ഷദ്വീപ് എന്നുകേട്ടാല്‍ മനസില്‍  ആദ്യമെത്തുക അടിത്തട്ട് വരെ കാണാവുന്ന ജലസമൃദ്ധമായ കാഴ്ചകളാണ്. തെളിമയും സുതാര്യതയും അതിരുകള്‍ നിര്‍ണയിക്കുന്ന അതിമനോഹരമായ ഭൂപ്രദേശം. അവിടെ വസിക്കുന്നവരോ, ജലത്തേക്കാള്‍ തെളിമയും സുതാര്യതയും ഉള്ളവര്‍. മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തവിധം മന:സമാധാനം ഉള്ളവര്‍. അതുകൊണ്ടുകൂടിയാണ് കാഴ്ച കൊണ്ടും അവിടുത്തെ അനുഭവം കൊണ്ടും 'ലക്ഷദ്വീപ് ജനതയുടെ ആശങ്കയ്ക്ക് ചെവികൊടുക്കണം, അവരുടെ സ്ഥലത്തിന് എന്താണ് നല്ലതെന്ന് തിരിച്ചറിയാന്‍ അവരില്‍ തന്നെ വിശ്വാസമര്‍പ്പിക്കൂ, ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അത്, അതിനേക്കാള്‍ നല്ല മനുഷ്യരാണ് അവിടെയുള്ളത്' എന്ന് ഭയാശങ്കയ്ക്ക് ഇടയില്ലാതെ നടന്‍ പൃഥിരാജ് പറഞ്ഞത്. 

രാജ്യത്ത് എവിടെ മന:സമാധാനം ഉണ്ടോ, അത് തകര്‍ക്കാന്‍ തങ്ങളുണ്ട് എന്നാണ് സംഘപരിവാറിന്റെ മുദ്രവാക്യം തന്നെ. ലക്ഷദ്വീപില്‍ മന:സമാധാനം ഉണ്ടെങ്കില്‍ അത് തങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്ന് അഡ്മിനിസ്ട്രേറ്ററിലൂടെ കേന്ദ്രസര്‍ക്കാര്‍ ഓരോ നിമിഷവും പ്രഖ്യാപിക്കുകയാണ്. അഡ്മിനിസ്ട്രേറ്റര്‍ എന്നാല്‍ ആശങ്കയുടെ വാഹകന്‍ എന്ന് നമ്മള്‍ തിരിച്ചറിയുന്നു.  പുതിയ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ട് ഒരു ജനതയെ ഞെക്കിക്കൊല്ലുന്നു. ഗാന്ധിയുടെ, നെഹ്റുവിന്റെ, അംബേദ്ക്കറിന്റെ രാജ്യത്ത് ഇനിയിത് അനുവദിച്ചുകൂടാ. ബി.ജെ.പിയുടെ മനുഷ്യത്വ വിരുദ്ധതക്ക് എതിരെ ഓരോ ജനാധിപത്യ വിശ്വാസിയും രംഗത്തിറങ്ങേണ്ട സമയമാണിത്. ഫാസിസ്റ്റ് വിരുദ്ധപോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണിത്. കേരളം ഒറ്റമനസായി അത് പ്രഖ്യാപിക്കുന്നു.
നമ്മുടെ  മാനവസ്‌നേഹത്തെ കൊഞ്ഞനം കുത്തുന്ന കുറച്ചു അല്പപ്രാണികള്‍ ഈ കൊച്ചു കേരളത്തിലും ഉണ്ട്. അവരെ നമുക്ക് അവഗണന കൊണ്ട് ആട്ടിയകറ്റാം. 

പൃഥ്വിരാജിനെ പോലെ സംഘപരിവാറിനെതിരെ ഭയമില്ലാതെ പറയുന്നവരെ നമുക്ക് അത്രമേല്‍ ആത്മാര്‍ത്ഥമായി ചേര്‍ത്ത് നിര്‍ത്താം.ഏതൊരു മനുഷ്യസ്‌നേഹിയും കേള്‍ക്കാന്‍  ആഗ്രഹിക്കുന്ന വാക്കുകളാണ് പൃഥ്വിരാജ് പറഞ്ഞത്. രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ക്ക് ചെവികൊടുക്കാതെ സെലിബ്രിറ്റി സ്റ്റാറ്റസില്‍ അഭിരമിക്കുകയല്ല പൃഥ്വിരാജ് ചെയ്തത്. താന്‍ സ്‌നേഹിക്കുന്ന ഒരു ജനതയുടെ സ്വസ്ഥത  തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ മന:സമാധാനം തകര്‍ക്കുക എന്ന രാഷ്ട്രീയ ശരിയാണ് പൃഥ്വിരാജ് നിര്‍വഹിച്ചത്. അദ്ദേഹത്തിനൊപ്പം നില്‍ക്കേണ്ടത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവശ്യമാണ്. 
സംഘപരിവാര്‍ നമ്മളെ തേടിയെത്തും മുമ്പേ  അവരെ നമുക്ക് പരാജയപ്പെടുത്തണം. മനുഷ്യസ്‌നേഹികള്‍ക്ക് കൂടുതല്‍ കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാം.