വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 28 May 2021

ഉയിഗുറുകളെ കെട്ടിയിട്ട് ടെക്നോളജി പരീക്ഷണം

 


ഉയിഗുര്‍ മുസ്‌ലിംകളുടെ മുഖം നോക്കി മനോവികാരം മനസ്സിലാക്കാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയും നിര്‍മിത ബുദ്ധിയും ചൈന ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. സിന്‍ജിയാങ് പ്രവിശ്യയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇതിനുള്ള സംവിധാനങ്ങള്‍

ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഒരു സോഫ്റ്റ്‌വെയര്‍ എൻജിനീയറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നത്. വിവാദത്തെക്കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം,  ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ചൈന ആവര്‍ത്തിച്ചു പറയുന്നുമുണ്ട്. 

ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ 1.20 കോടി ഉയിഗുറുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. ഇവര്‍ക്കെതിരെ ചൈന മനുഷ്യാവകാശ ധ്വംസനങ്ങളും കൊടിയ പീഢനങ്ങളും നടത്തുന്നുണ്ടെന്നത് ഏറെക്കാലമായുള്ള ആരോപണമാണ്. ചൈനീസ് അധികൃതരുടെ നിരീക്ഷണം മേഖലയില്‍ കര്‍ശനമാണ്. 

മറ്റു ചൈനക്കാരെ അപേക്ഷിച്ച് ഭാഷാപരമായും സാംസ്‌ക്കാരികമായും മതപരമായും വ്യത്യസ്തരാണ് ഉയിഗുറുകള്‍. തുര്‍ക്കിഷ് ഭാഷയോട് സമാനമായുള്ള ഭാഷ ഉപയോഗിക്കുന്ന ഇവര്‍ക്ക് മധ്യേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുമായാണ് സാംസ്‌ക്കാരികമായി കൂടുതല്‍ ബന്ധമുള്ളത്. ഉയിഗുറുകള്‍ക്കുവേണ്ടി കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ ചൈന നടത്തുന്നുവെന്ന വാര്‍ത്തകള്‍ നേരത്തേ വിവാദമായിരുന്നു. ഇത്തരം ക്യാംപുകളില്‍ കഴിയുന്ന സ്ത്രീകളെ ലൈംഗികമായി പീഢിപ്പിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പത്ത് ലക്ഷം ഉയിഗുറുകളെങ്കിലും ഇത്തരം ചൈനീസ് ക്യാംപുകളില്‍ കഴിയുന്നുവെന്നാണ് കരുതപ്പെടുന്നത്. 

അതേസമയം, തങ്ങള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളല്ല ഉയിഗറുകള്‍ക്കുവേണ്ടിയുള്ള വിദ്യാഭ്യാസ- തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണ് നടത്തുന്നതെന്ന വിശദീകരണമാണ് ചൈനീസ് ഭരണകൂടം നല്‍കുന്നത്. രാജ്യത്തിനെതിരെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനല്‍ നിന്നും ഉയിഗുറുകളെ പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് ഈ നടപടിയെന്നും ചൈന പറയുന്നു. ഉയിഗുറുകളെ മേഖലയിലെ ഫാക്ടറികളില്‍ അടിമവേലക്കു നിയമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഉയിഗര്‍ പീഢനത്തിന്റെ പുതിയ രീതിയാണ് നിര്‍മിത ബുദ്ധിയും ഫേസ് റെക്കഗ്നിഷനും ഉപയോഗിച്ച് വ്യക്തികളുടെ മനോനിലയെ പോലും തിരിച്ചറിയാനുള്ള ശ്രമങ്ങളിലൂടെ പുറത്തുവരുന്നത്. 

പേര് വെളിപ്പെടുത്തുകയില്ലെന്ന ഉറപ്പിലാണ് സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ ബിബിസിയുമായി സംസാരിക്കാന്‍ തയാറായത്. സുരക്ഷയെ കരുതി ഈ സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇത്തരത്തില്‍ മനോവികാരം പരിശോധിക്കപ്പെട്ട അഞ്ച് ഉയിഗുര്‍ മുസ്‌ലിംകളുടെ ചിത്രങ്ങള്‍ ഈ എൻജിനീയര്‍ പുറത്തുവിട്ടിട്ടുണ്ട്. വ്യക്തികളുടെ മുഖഭാവം പരിശോധിച്ച് സമ്മര്‍ദവും ആശങ്കയുമെല്ലാം എത്രത്തോളം ചോദ്യം ചെയ്യുമ്പോഴുണ്ടെന്ന് കണ്ടെത്താനാണ് ഈ സംവിധാനത്തെ ഉപയോഗിക്കുന്നത്. 

'ലബോറട്ടറികളിലെ പരീക്ഷണവസ്തുവായാണ് പലപ്പോഴും ഉയിഗുറുകളെ ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. നുണ പരിശോധന യന്ത്രത്തിന് സമാനമായ രീതിയാണ് ഇവരില്‍ പരീക്ഷിക്കുന്നത്. അതേസമയം, നുണ പരിശോധനയേക്കാള്‍ ആധുനികവുമാണ്' ഉയിഗുറുകള്‍ക്കെതിരെ ഉപയോഗിക്കുന്ന എഐ സാങ്കേതികവിദ്യയെക്കുറിച്ച് സോഫ്റ്റ്‌വെയര്‍ എൻജിനീയര്‍ വെളിപ്പെടുത്തുന്നു. 

ചൈനയിലെ പൊലീസ് സ്റ്റേഷനുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന കെട്ടിയിടാവുന്ന കസേരകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതില്‍ വ്യക്തികളെ ഇരുത്തിയ ശേഷം കൈത്തണ്ടയും കാല്‍തണ്ടയും ബന്ധിച്ച ശേഷമാണ് ചോദ്യം ചെയ്യുക. ഈ സമയത്ത് കസേരയില്‍ ഇരിക്കുന്നവരുടെ മുഖഭാവത്തിലുണ്ടാവുന്ന വളരെ ചെറിയ മാറ്റങ്ങള്‍ പോലും നിര്‍മിത ബുദ്ധി സംവിധാനം തിരിച്ചറിയുകയും വിവരം കൈമാറുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ആശങ്കകള്‍ മുഖത്ത് പ്രകടമാവുന്നുണ്ടോയെന്ന് നിര്‍മിത ബുദ്ധി കണ്ടെത്തുകയാണ് ചെയ്യുന്നത്. 

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ചൈനയിലെ ഡയറക്ടര്‍ സോഫി റിച്ചാഡ്‌സണ്‍ ഈ വിവാദത്തോട് പ്രതികരിച്ചിട്ടുണ്ട്. 'ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഏതെങ്കിലും പൈ ചാര്‍ട്ട് ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ക്ക് തീരുമാനിക്കാവുന്നതല്ല മനുഷ്യരുടെ ജീവിതം. പ്രത്യേകിച്ചും പലവിധത്തിലുള്ള സമ്മര്‍ദത്തില്‍ കഴിയുന്ന ഉയിഗുറുകളെ പോലെയുള്ളവര്‍ക്കുമേല്‍ ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നത് ഗുരുതര പ്രശ്‌നമാണ്' എന്നായിരുന്നു സോഫി റിച്ചാഡ്‌സണിന്റെ പ്രതികരണം