
ഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ ഹിമാനിയില്‍നിന്ന് ഉല്‍ഭവിക്കുന്ന വന്‍ നദി നാലു ദിവസംകൊണ്ട് വിപരീത ദിശയിലൊഴുകാന്‍ തുടങ്ങി. ആഗോള താപന ഫലമായുള്ള പാരിസ്ഥിതിക മാറ്റത്തിനിരയായി കാനഡയിലെ സ്ലിംസ് നദിയാണ് അപ്രത്യക്ഷമായത്. രാജ്യത്തെ ഏറ്റവും വലിയ ഹിമാനിയായ കാസ്‌കാവുല്‍ഷ് അതിവേഗത്തില്‍ ഉരുകിപ്പോയതാണ് സ്‌ലിംസ് നദി ഗതിമാറിയൊഴുകാന്‍ ഇടയാക്കിയത്. 2016 മെയ് 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലുണ്ടായ വലിയ ഉഷ്ണവാതമാണ് അതിവേഗത്തില്‍ മഞ്ഞുരുക്കലിന് കാരണമായത്. മഞ്ഞുമലയില്‍നിന്ന് ഒഴുകുന്ന സ്‌ലിംസ് നദിയില്‍ ഇത് വന്‍തോതിലുള്ള ജലപ്രവാഹത്തിനു കാരണമാവുകയും നദിയുടെ ദിശാമാറ്റത്തിനു കാരണമാവുകയുമായിരുന്നു. ഇതോടെ, നൂറ്റാണ്ടുകളായി സ്‌ലിംസ് നദി ഒഴുകിക്കൊണ്ടിരുന്നതിന് ആയിരക്കണക്കിന് കിലോമീറ്റര്‍ മാറി വിപരീത ദിശയില്‍ ഒഴുകിത്തുടങ്ങി.വടക്കുള്ള ബെറിങ് കടലിലേക്ക് ഒഴുകിയിരുന്ന നദി, തെക്ക് ഭാഗത്തുള്ള ക്ലുവാന്‍ തടാകത്തിലേക്കും അവിടെനിന്ന് ആല്‍സെക് നദിയോടു ചേര്‍ന്ന് അലാസ്‌കയിലൂടെ പസഫിക് സമുദ്രത്തിന്റെ മറ്റൊരുഭാഗത്തേക്കുമാണ് ഇപ്പോള്‍ ഒഴുകുന്നത്.ഗവേഷണത്തിന്റെ ഭാഗമായി സ്‌ലിംസ് നദിയില്‍ നടത്താറുള്ള നിരീക്ഷണത്തിനിടയിലാണ് നദി പതിവില്ലാത്ത വിധം വരണ്ടുണങ്ങിയതായി ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്. ചിലയിടങ്ങളില്‍ അരുവിപോലെയാണ് ജലമുള്ളത്. മറ്റിടങ്ങളില്‍ അതുമില്ല. പൊടുന്നനെയുണ്ടായ ഈ മാറ്റത്തിനു കാരണമന്വേഷിച്ചപ്പോഴാണ് നദിയുടെ ഗതിമാറ്റം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇല്ലിനോയ് സര്‍വകലാശാലയിലെ ഗവേഷകനായ ജയിംസ് ബെസ്റ്റ് പറയുന്നു.