
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിന്റെ ഭാരം കുറക്കാന്‍ സാധിച്ചുവെന്ന മുംബൈയിലെ സെയ്ഫി ആശുപത്രി അധികൃതരുടെ വാദത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. ഇമാന്റെ ഭാരം കുറക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇപ്പോഴും ഇമാന് 240 കിലോ വരെ ഭാരമുണ്ടെന്നും സഹോദരി ഷെയ്മ സലിം ആരോപിച്ചു. കഴിഞ്ഞ ദിവസം ഷെയ്മ പുറത്തുവിട്ട വീഡിയോ ദൃശ്യത്തിലാണ് ആശുപത്രിക്കും ഇമാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കുമെതിരെ ആരോപണമുന്നയിച്ചത്. ഇമാന്റെ ഭാരം കുറഞ്ഞുവെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണ്. ഡോക്ടര്‍മാരും ആശുപത്രി അധികൃതരും തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ഷെയ്മ ആരോപിച്ചു.
അതേസമയം, ഷെയ്മയുടെ ആരോപണങ്ങളെ തള്ളി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ഡിസ്ചാര്‍ജ് വൈകിപ്പിക്കാനുള്ള ബന്ധുക്കളുടെ തന്ത്രമാണ് ഇതെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു. ഈജിപ്തിലേക്ക് കൊണ്ടുപോയാല്‍ ഇമാന് മികച്ച ചികിത്സ ലഭിക്കില്ല. അതുകൊണ്ടാണ് ബന്ധുക്കള്‍ ഇമാന്റെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത്. സെയ്ഫി ആശുപത്രിയില്‍ ഇമാന്റെ ചികിത്സ തുടങ്ങിയശേഷം 151 കിലോവരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും വിശ്രമത്തിലൂടെയും മാത്രമേ ഇമാന്റെ തൂക്കം സാധാരണ നിലയിലെത്തിക്കാനാകൂവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. ഇത്തരം ആരോപണങ്ങളിലൂടെയൊന്നും ജനങ്ങള്‍ക്ക് തങ്ങളുടെ മേലുള്ള വിശ്വാസം തകര്‍ക്കാനാകില്ലെന്നും സെയ്ഫി ആശുപത്രി സിഇഒ ഹുഫൈസ ഷെഹബി പറഞ്ഞു.