വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 26 April 2017

കായികതാരങ്ങള്‍ക്ക് അവഗണന; കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നുനല്‍കുന്നില്ല



കെട്ടിട നമ്പര്‍ നല്‍കാന്‍ നഗരസഭയില്‍ നിന്നും ഉണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണമായത്.

പൊടിയിലും ചെളിയിലും കായികതാരങ്ങള്‍ പരിശീലനം നടത്തുമ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം വെറുതെ കിടന്ന് നശിക്കുന്നു. 23 കോടി രൂപ മുടക്കി സര്‍ക്കാര്‍ കോട്ടയത്ത് നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയമാണ് കായിക കേരളത്തിന് പ്രയോജനപ്പെടാതെ നശിച്ചുകൊണ്ടിരിക്കുന്നത്. കെട്ടിട നമ്പര്‍ നല്‍കാന്‍ നഗരസഭയില്‍ നിന്നും ഉണ്ടാകുന്ന കാലതാമസമാണ് ഇതിന് കാരണമായത്.
1983 ല്‍ വിഭാവനം ചെയ്ത കോട്ടയത്തെ ഈ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പലതവണ തറക്കല്ലിട്ടതാണ്. എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ 33 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനവും നടത്തിയെങ്കിലും കേരളത്തിന് മുതല്‍കൂട്ടാകേണ്ട സ്റ്റേഡിയം ഇനിയും കായിക താരങ്ങള്‍ തുറന്ന് കൊടുക്കാന്‍ സാധിച്ചിട്ടില്ല.‌ അന്താഷ്ട്ര നിലവാരമുള്ള ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം തൊട്ടടുത്ത് കിടക്കുമ്പോഴാണ് കായിക താരങ്ങള്‍ക്ക് പൊടിയില്‍ പരിശീലനം നടത്തേണ്ടി വരുന്നത്. നിര്‍മ്മാണ അനുമതിക്കായി സമര്‍പ്പിച്ച പ്ലാനില്‍ നിന്നും വ്യത്യസ്ഥമായി സ്റ്റേഡിയം പണിതതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. കെട്ടിട നമ്പര്‍ നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് നഗരസഭ സ്വീകരിച്ചതോടെ സ്റ്റേഡിയത്തിന് ആവശ്യമായ വെള്ളം വൈദ്യുതി കണക്ഷനുകളും ലഭിക്കാതെയായി. പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ജില്ല കലക്ടര്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ചുവപ്പ് നാടയില്‍ കുടുങ്ങിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തെ കായിക കേരളത്തിന് തുറന്ന് നല്‍കാന്‍ സാധിച്ചിട്ടില്ല.

ഗാംഗുലിയുടെ സ്വപ്ന ടീമില്‍ ധോണിക്കിടമില്ല


ട്വിറ്ററിലാണ് ഗാംഗുലി തന്റെ സ്വപ്ന ടീമിനെ പ്രഖ്യാപിച്ചത്.


മഹേന്ദ്ര സിങ് ധോണിയില്ലാതെ സൌരവ് ഗാംഗുലിയുടെ ഐപിഎല്‍ സ്വപ്ന ടീം. ട്വിറ്ററിലാണ് ഗാംഗുലി തന്റെ സ്വപ്ന ടീമിനെ പ്രഖ്യാപിച്ചത്. തന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളാണ് ഡ്രീം ടീമില്‍ കൂടുതലായും ഇടംപിടിച്ചത്.
വിരാട് കൊഹ്‍ലിയും ഗൌതം ഗംഭീറുമാണ് ഓപ്പണര്‍മാര്‍. പൂനെ നായകന്‍ സ്റ്റീവ് സ്മിത്ത് മൂന്നാമതും എബി ഡിവില്ലിയേഴ്സ് നാലാമനായും ഇറങ്ങുന്നു. ഐപിഎല്ലിലെ ഭാവിവാഗ്ദാനമായ മുംബൈ താരം നിതീഷ് റാണ, ഡല്‍ഹി താരം റിഷഭ് പന്ത് കൊല്‍ക്കത്ത താരം മനീഷ് പാണ്ടെ തുടങ്ങിയവരും ടീമിലുണ്ട്. സുനില്‍ നരെയെനും അമിത് മിശ്രയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, ക്രിസ് മോറിസ് എന്നവരാണ് ഗാംഗുലി ഡ്രീം ടീമിലെ പേസ് ബൗളര്‍മാര്‍. ധോണി നല്ല ടി 20 ബാറ്റ്‌സ്മാന്‍ അണെന്ന് ഉറപ്പില്ലെന്ന ഗാംഗുലിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.

കൈക്കൂലിക്കേസ്; ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു



കഴിഞ്ഞ നാലു ദിവസമായി ഇദ്ദേഹത്തെ ഡൽഹി പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു


എഐഎഡിഎംകെ നേതാവ് ടി.ടി.വി ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടില ചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
എഐഎഡിഎംകെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരനെ ഡൽഹി പൊലീസ് ചൊവ്വാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി ഇദ്ദേഹത്തെ ഡൽഹി പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു. കൈക്കൂലി നൽകാൻ ഇടനിലനിന്ന സുകേഷ് ചന്ദ്രശേഖറിനെ ദിനകരൻ നേരിൽ കണ്ടതായി കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ചാണക്യപുരിയിലെ ക്രൈംബ്രാഞ്ചിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ദിനകരനെ അർധരാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിനകരന്റെ കൂട്ടാളി മല്ലികാർജുനയും അറസ്റ്റിലായിട്ടുണ്ട്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മല്ലികാർജുനയെ അറസ്റ്റ് ചെയ്തത്. 

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്


54 ശതമാനം പൊളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ എക്സിറ്റ്പോള്‍ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മൂന്നാം തവണയും കോര്‍പ്പറേഷന്‍ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി വലിയ മുന്നേറ്റം പ്രതീക്ഷിക്കുമ്പോള്‍ തിരിച്ച് വരവിന് കഴിയുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്
54 ശതമാനം പൊളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ എക്സിറ്റ്പോള്‍ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു. മൂന്ന് കോര്‍പ്പറേഷനുകളിലെ 272 സീറ്റുകളില്‍ നാലില്‍ മൂന്നും സ്വന്തമാക്കി ഹാട്രിക് വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. പുതുമുഖങ്ങളെ രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ പോരാട്ടം. രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ആംആദ്മി പാര്‍ട്ടി കൂടുതലും യുവാക്കളെയാണ് രംഗത്തിറക്കിയത്. ഡല്‍ഹി രജൌരി ഗാര്‍ഗനിലേക്ക് ഈ മാസം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം പോലും ലഭ്യമാകാതെ ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പോയത് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ അധികാരം പിടിക്കാമെന്ന പ്രതീക്ഷയില്ലെങ്കിലും നൂറിന് മുകളില്‍ സീറ്റുകള്‍ സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. 2012ല്‍ ബിജെപി 138 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് 77 സീറ്റുകളാണ് നേടിയത്. വടക്കന്‍ ഡല്‍ഹിയിലെ 103 ഉം തെക്കന്‍ ഡല്‍ഹിയില്‍ 104ഉം കിഴക്കന്‍ ഡല്‍ഹിയില്‍ 63 ഉം മുന്‍സിപ്പല്‍ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

സഭയില്‍ ഇന്നും ബഹളം; അടിയന്തര പ്രമേയത്തിന് നോട്ടീസ്

പ്രക്ഷോഭത്തിന്റെ രീതി രാവിലെ 8 ന് ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിക്കും
ബജറ്റിന്‍റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചക്ക്  നിയമസഭയില്‍ തുടക്കം കുറിക്കാനിരിക്കെ എംഎം മണിയുടെ വിവാദ പരാമര്‍ശത്തില്‍ ഇന്നും പ്രതിപക്ഷ ബഹളം. എംഎം മണിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരുന്നത്. ഇതിനിടെ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. വിഡി സതീശനാണ് നോട്ടീസ് നല്‍കിയത്. മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
13 ദിവസമാണ് ബജറ്റ് ചര്‍ച്ചക്കായി ഈ സമ്മേളനത്തില്‍ മാറ്റിവെച്ചിരിക്കുന്നത്.

സിപിഎം സംസ്ഥാന കമ്മറ്റിയോഗം ഇന്ന് ; മണിക്കെതിരെ പാര്‍ട്ടിതല നടപടി ഇന്നുണ്ടായേക്കും



തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തുന്ന മണിക്കെതിരെ നടപടിയെടുക്കാന്‍ ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു


മന്ത്രി എംഎം മണിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാനകമ്മിറ്റിയോഗം ഇന്നാരംഭിക്കും. തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തുന്ന മണിക്കെതിരെ നടപടിയെടുക്കാന്‍ ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. അതിനിടെ സിപിഐയുടെ നേതൃയോഗങ്ങളും ഇന്നാരംഭിക്കും.
മന്ത്രിസ്ഥാനത്ത് ഇരുന്ന കൊണ്ട് എംഎം മണി തുടര്‍ച്ചയായി വിവാദപ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണിക്കെതിരെ പാര്‍ട്ടി തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എന്ത് നടപടി വേണമെന്ന കാര്യത്തില്‍ ഇന്ന് ആരംഭിക്കുന്ന സംസ്ഥാനസമിതി യോഗത്തിലായിരിക്കും തീരുമാനമുണ്ടാവുക. ശാസന,പരസ്യശാസന,താക്കീത് അടക്കമുളഅള ചെറിയ നടപടികളെ മണിക്കെതിരെ ഉണ്ടാകൂ എന്നാണ് സൂചന.സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത് പൊലെ സംസ്ഥാനകമ്മിറ്റി യോഗത്തിലും മണിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കും.
മൂന്നാര്‍ കയ്യേറ്റ വിഷയവും ടിപി സെന്‍കുമാര്‍ കേസിലെ വിധിയും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സിപിഐക്കെതിരേയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്ന് വരും. സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങളും ഇന്നാരംഭിക്കും.ഇന്ന് എക്സിക്യൂട്ടീവ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം കൌണ്‍സില്‍ യോഗവുമാണ് നടക്കുന്നത്. മൂന്നാറുല്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യൂവകുപ്പിന് യോഗത്തില്‍ പൂര്‍ണ്ണ പിന്തുണ ലഭിക്കും. മുഖ്യമന്ത്രിക്കെതിരെയേും സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരേയും സിപിഐ യോഗത്തില്‍ വിമര്‍ശം ഉയര്‍ന്ന് വരുമെന്നാണ് സൂചന.

1980 കളിലെ സ്വിഫ്റ്റ് കണ്ടിട്ടുണ്ടോ ?

suzuki_swift_1
ടോക്കിയോ: മാരുതി ഇന്ത്യയില്‍ ജനപ്രിയമാക്കിയ സ്വിഫ്റ്റ് കാര്‍ ആദ്യം പുറത്തിറങ്ങിയത് 1980കളിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സുസുക്കി 1983 ല്‍ ജപ്പാനില്‍ സുസുക്കി കള്‍ട്ടസ് എന്ന പേരില്‍ ഇറക്കിയ കാറാണ് ജപ്പാന് പുറത്ത് സ്വിഫ്റ്റ എന്ന പേരിലറിയപ്പെട്ടത്.
suzuki_swift_2 പിന്നീട്‌ലോകത്തെ ഏഴു രാജ്യങ്ങളില്‍ സുസുക്കി സ്വിഫ്റ്റ് എന്ന പേരില്‍ ഈ കാര്‍ ഇറങ്ങി്. 1980കളില്‍ ജനറല്‍ മോട്ടോഴേസും സുസുക്കിയും ചേര്‍ന്നുണ്ടാക്കിയ സഖ്യമാണ് വിവിധ പേരുകളില്‍ സുസുക്കി കള്‍ട്ടസ് വിപണിയിലിറക്കിയത്. സുസുക്കി സ്വിഫ്റ്റ്, ജിയോ മെട്രോ, ഷെവര്‍ലേ സ്പ്രിന്റ്, പൊന്‍ടിയാക്ക് ഫയര്‍ഫ്‌ളൈ, ഹോള്‍ഡന്‍ ബാരിനാ എന്നീ പേരുകളിലാണ് ഇവ പുറത്തിറങ്ങിയത്. നാലു തരം വകഭേദങ്ങളിലാണ് ഇവ അന്ന് പുറത്തിറങ്ങിയത്.
മാരുതി സുസുക്കി 2004 ലാണ് സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയിലിറക്കിയത്. ഇതിന്റെ ഡീസല്‍ മോഡല്‍ 2007 ലാണ് പുറത്തിറക്കിയത്. സുസുക്കി ഇഗ്‌നിസാണ് നാലാം തലമുറ.

മുസ്‌ലിം വനിതകള്‍ക്ക് ബുര്‍ഖിനി ധരിച്ച് മല്‍സരിക്കാന്‍ അനുമതി


ലണ്ടന്‍: ലണ്ടനില്‍ മുസ്‌ലിം വനിതകള്‍ക്ക് ബുര്‍ഖിനി ധരിച്ച് നീന്തല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. ദി അമൈചര്‍ സ്വിമ്മിങ് അസോസിയേഷനാണ്(എഎസ്എ) ശരീരം മുഴുവന്‍ മറക്കുന്ന ബുര്‍ഖിനി ധരിച്ച് മല്‍സരിക്കാന്‍ അനുമതി നല്‍കിയത്. ബുര്‍ഖിനി ധരിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്ന് ലണ്ടനിലെ മുസ്‌ലിം നീന്തല്‍ താരങ്ങളെ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. എഎസ്എയുടെ ഇത്തരമൊരു തീരുമാനം പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും മതാചാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്‌ലിം വനിതകള്‍ക്ക് കായിക ഇനങ്ങളില്‍ ഉയര്‍ന്നുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചെയര്‍മാന്‍ ക്രിസ് ബോക്‌സ്‌റ്റോക് പ്രതികരിച്ചു

ഏപ്രില്‍ 26ന് ‘ഹോണ്‍ ഹര്‍ത്താല്‍’

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഏപ്രില്‍ 26ന് സംസ്ഥാനത്ത് ഹോണ്‍ ഹര്‍ത്താല്‍ ആചരിക്കും. അന്താരാഷ്ട്ര ശബ്ദ മലിനീകരണ അവബോധ ദിവസമായ ഏപ്രില്‍ 26ന് കേരള സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഹോണ്‍ വിമുക്ത ദിനം ആചിരിക്കുന്നത്. അന്നേദിവസം എല്ലാ വാഹനങ്ങളും ഹോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഹോണ്‍ വിമുക്ത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Tuesday, 25 April 2017

ആഗോള താപനം : കാനഡയില്‍ നാലു ദിവസം കൊണ്ട് നദി വിപരീത ദിശയിലൊഴുകി




ഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ ഹിമാനിയില്‍നിന്ന് ഉല്‍ഭവിക്കുന്ന വന്‍ നദി നാലു ദിവസംകൊണ്ട് വിപരീത ദിശയിലൊഴുകാന്‍ തുടങ്ങി. ആഗോള താപന ഫലമായുള്ള പാരിസ്ഥിതിക മാറ്റത്തിനിരയായി കാനഡയിലെ സ്ലിംസ് നദിയാണ് അപ്രത്യക്ഷമായത്. രാജ്യത്തെ ഏറ്റവും വലിയ ഹിമാനിയായ കാസ്‌കാവുല്‍ഷ് അതിവേഗത്തില്‍ ഉരുകിപ്പോയതാണ് സ്‌ലിംസ് നദി ഗതിമാറിയൊഴുകാന്‍ ഇടയാക്കിയത്. 2016 മെയ് 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലുണ്ടായ വലിയ ഉഷ്ണവാതമാണ് അതിവേഗത്തില്‍ മഞ്ഞുരുക്കലിന് കാരണമായത്. മഞ്ഞുമലയില്‍നിന്ന് ഒഴുകുന്ന സ്‌ലിംസ് നദിയില്‍ ഇത് വന്‍തോതിലുള്ള ജലപ്രവാഹത്തിനു കാരണമാവുകയും നദിയുടെ ദിശാമാറ്റത്തിനു കാരണമാവുകയുമായിരുന്നു. ഇതോടെ, നൂറ്റാണ്ടുകളായി സ്‌ലിംസ് നദി ഒഴുകിക്കൊണ്ടിരുന്നതിന് ആയിരക്കണക്കിന് കിലോമീറ്റര്‍ മാറി വിപരീത ദിശയില്‍ ഒഴുകിത്തുടങ്ങി.വടക്കുള്ള ബെറിങ് കടലിലേക്ക് ഒഴുകിയിരുന്ന നദി, തെക്ക് ഭാഗത്തുള്ള ക്ലുവാന്‍ തടാകത്തിലേക്കും അവിടെനിന്ന് ആല്‍സെക് നദിയോടു ചേര്‍ന്ന് അലാസ്‌കയിലൂടെ പസഫിക് സമുദ്രത്തിന്റെ മറ്റൊരുഭാഗത്തേക്കുമാണ് ഇപ്പോള്‍ ഒഴുകുന്നത്.ഗവേഷണത്തിന്റെ ഭാഗമായി സ്‌ലിംസ് നദിയില്‍ നടത്താറുള്ള നിരീക്ഷണത്തിനിടയിലാണ് നദി പതിവില്ലാത്ത വിധം വരണ്ടുണങ്ങിയതായി ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്. ചിലയിടങ്ങളില്‍ അരുവിപോലെയാണ് ജലമുള്ളത്. മറ്റിടങ്ങളില്‍ അതുമില്ല. പൊടുന്നനെയുണ്ടായ ഈ മാറ്റത്തിനു കാരണമന്വേഷിച്ചപ്പോഴാണ് നദിയുടെ ഗതിമാറ്റം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇല്ലിനോയ് സര്‍വകലാശാലയിലെ ഗവേഷകനായ ജയിംസ് ബെസ്റ്റ് പറയുന്നു.

മഴ ചതിച്ചു; ബംഗളൂരു- ഹൈദരാബാദ് മല്‍സരം ഉപേക്ഷിച്ചു


ബംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടക്കേണ്ട റോയല്‍ ചലഞ്ചേഴസ് ബംഗളൂരു- സണ്‍ റൈസേഴ്‌സ ഹൈദരാബാദ് മല്‍സരം മഴമൂലം ഉപേക്ഷിച്ചു. ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മല്‍സരത്തില്‍ മഴമൂലം ടോസ് പോവും ഇടാനായില്ല. മല്‍സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
അവസാന മല്‍സരത്തിലേറ്റ നാണം കെട്ട തോല്‍വിക്ക് ഹൈദരാബാദിനെ തോല്‍പ്പിച്ച് മറുപടി പറയാമെന്ന് ബംഗളൂരുവിന്റെ മോഹങ്ങളെയാണ് മഴ തോല്‍പ്പിച്ച് കളഞ്ഞത്. കൊല്‍ക്കത്തയോട് 49 റണ്‍സിന് ഓള്‍ ഔട്ടായ ബംഗളൂരു നിലവിലെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. ലോക ക്രിക്കറ്റിലെ പ്രഗല്‍ഭ ബാറ്റ്‌സ്മാന്‍മാരായ വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും അണിനിരന്നിട്ടും ജയിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ബംഗളൂരു. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ബംഗളൂരുവിന് തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്.
അതേ സമയം നിലവിലെ ചാംപ്യന്‍മാരായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മികച്ച പ്രകടനമാണ് ഈ സീസണിലും പുറത്തെടുക്കുന്നത്. നിലിവിലെ പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ് ഹൈദരാബാദ്.
ഇന്നതെ മല്‍സരം
റൈസിങ് പൂനെ സൂപ്പര്‍ജയന്റ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
(മല്‍സരം രാത്രി 8 മണിമുതല്‍ സോണി സിക്‌സ്, സോണി മാക്‌സ്, സോണി ഇഎസ്പിഎന്‍ ചാനലുകളില്‍ തല്‍സമയം)

എംഎം മണിക്കെതിരെ നടപടിക്ക് ധാരണ




തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ നടപടിക്ക് സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തില്‍ ധാരണ.മണിക്കെതിരെ എന്ത് നടപടിയെടുക്കണമെന്നകാര്യത്തില്‍ നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമെടുക്കും. മണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. മണിയുടെ വിവാദ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ മണിക്കെതിരെ നടപടിയെടുക്കണമെന്ന് യോഗത്തില്‍ ധാരണയാകുകയായിരുന്നു.
വിവാദങ്ങളെല്ലാം യോഗം ചര്‍ച്ചചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി അതിന്റെ നടപടിയിലേക്ക് പോകുമെന്നും യോഗത്തിന് ശേഷം മണി പ്രതികരിച്ചു. യോഗത്തിലുയര്‍ന്ന വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ശൈലി മാറ്റാന്‍ തയ്യാറാണെന്നും മണി പറഞ്ഞു.
നേരത്തെ മണക്കാട്ടെ വിവാദപ്രസംഗത്തിന്റെ പേരിലും മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്ന് മണിയെ അന്ന് മാറ്റി നിര്‍ത്തിയിരുന്നു.

ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ല;ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍




മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിന്റെ ഭാരം കുറക്കാന്‍ സാധിച്ചുവെന്ന മുംബൈയിലെ സെയ്ഫി ആശുപത്രി അധികൃതരുടെ വാദത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. ഇമാന്റെ ഭാരം കുറക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇപ്പോഴും ഇമാന് 240 കിലോ വരെ ഭാരമുണ്ടെന്നും സഹോദരി ഷെയ്മ സലിം ആരോപിച്ചു. കഴിഞ്ഞ ദിവസം ഷെയ്മ പുറത്തുവിട്ട വീഡിയോ ദൃശ്യത്തിലാണ് ആശുപത്രിക്കും ഇമാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കുമെതിരെ ആരോപണമുന്നയിച്ചത്. ഇമാന്റെ ഭാരം കുറഞ്ഞുവെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണ്. ഡോക്ടര്‍മാരും ആശുപത്രി അധികൃതരും തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും ഷെയ്മ ആരോപിച്ചു.
അതേസമയം, ഷെയ്മയുടെ ആരോപണങ്ങളെ തള്ളി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ഡിസ്ചാര്‍ജ് വൈകിപ്പിക്കാനുള്ള ബന്ധുക്കളുടെ തന്ത്രമാണ് ഇതെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു. ഈജിപ്തിലേക്ക് കൊണ്ടുപോയാല്‍ ഇമാന് മികച്ച ചികിത്സ ലഭിക്കില്ല. അതുകൊണ്ടാണ് ബന്ധുക്കള്‍ ഇമാന്റെ ഡിസ്ചാര്‍ജ് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത്. സെയ്ഫി ആശുപത്രിയില്‍ ഇമാന്റെ ചികിത്സ തുടങ്ങിയശേഷം 151 കിലോവരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും വിശ്രമത്തിലൂടെയും മാത്രമേ ഇമാന്റെ തൂക്കം സാധാരണ നിലയിലെത്തിക്കാനാകൂവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. ഇത്തരം ആരോപണങ്ങളിലൂടെയൊന്നും ജനങ്ങള്‍ക്ക് തങ്ങളുടെ മേലുള്ള വിശ്വാസം തകര്‍ക്കാനാകില്ലെന്നും സെയ്ഫി ആശുപത്രി സിഇഒ ഹുഫൈസ ഷെഹബി പറഞ്ഞു.