ന്യൂഡല്‍ഹി: 2022 ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഇന്ത്യ പ്രഖ്യാപിച്ചത്. മൂന്നു യാത്രികരെ അയയ്ക്കാനാണ് ഇന്ത്യ തയാറെടുക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോഡി 2018 ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത്. ഇത് സാധ്യമായാല്‍ സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ചൈനയ്ക്കുശേഷം ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിക്കും. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്.
ചന്ദ്രയാന്‍ രണ്ട് ദൗത്യം, ഗഗന്‍യാന്‍ ദൗത്യം, ആദിത്യ മിഷന്‍, വീനസ് മിഷന്‍ എന്നീ നാല് വിക്ഷേപണ ദൗത്യങ്ങള്‍ക്കായാണ് ഇസ്രോ തയാറെടുക്കുന്നത്. സൂര്യനെക്കുറിച്ച് പഠിക്കാന്‍ ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതിയാണ് ആദിത്യ മിഷന്‍, ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യത്തിന്റെ പേര് വീനസ് മിഷന്‍ എന്നായിരിക്കും.